Sunday 15 May 2011

സാക്ഷി

       ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഇന്നത്തെ അവധി ദിനത്തില്‍ മഞ്ചേരിയില്‍ പോവാന്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുകയാണവന്‍, ചില സാധനങ്ങള്‍ വാങ്ങാന്‍. ബസില്‍ തൂങ്ങിപിടിച്ച്‌കേറി കഴിഞ്ഞ്‌ അതിലെ തിരക്ക്‌ കണ്ടപ്പോള്‍ മുഷിഞ്ഞെങ്കിലും പെട്ടെന്ന് സീറ്റ്‌ കിട്ടിയപ്പൊ സമാധാനമായി.
       പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ ഇടക്ക്‌ ബസില്‍ ഒന്ന്‌ കണ്ണോടിച്ചപ്പോള്‍, തളര്‍ന്നവശനായ ഒരു വൃദ്ധന്‍റ്റെ കണ്ണുമായി കണ്ണുടക്കി. "ഒന്ന്‌ എഴുന്നേറ്റ്‌ തരുമോ" ആ കണ്ണുകള്‍ തന്നോട്‌ യാചിക്കുന്ന പോലെ അവനു തോന്നി. മുമ്പ്‌ പഠിക്കുന്ന കാലത്ത്‌ കുറച്ച്‌ പ്രായമായവരെയോ അവശരായവരെയോ കണ്ടാല്‍ ചാടി എഴുന്നേല്‍ക്കുന്ന അവന്‍റ്റെ നല്ല കാലത്തിന്‍റ്റെ ഓര്‍മ്മകളില്‍ മനസ്സൊന്ന്‌ കറങ്ങി വന്നു. അന്ന്‌ എത്ര ക്ഷീണമുണ്ടെങ്കിലും, എത്ര തിരക്കുള്ള വാഹനമായാലും എത്ര ദൂരയാത്ര ആയാലും അവന്‍ ചാടി എണീക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യാത്രാ ദൂരം തന്നെ ധാരാളം മതി തന്‍റ്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താന്‍, തനിക്ക്‌ വന്ന മാറ്റത്തെ അവന്‍ ഒരു നിമിഷം ആലോചിച്ച്‌ വൃദ്ധനില്‍ നിന്ന്‌ കണ്ണുകള്‍ അകറ്റി, വീണ്ടും പുറത്തെ തെളിഞ്ഞ ദൃശ്യങ്ങളിലേക്ക്‌.
       അധികം വൈകാതെ അവന്‍ മഞ്ചേരി വാഹനമിറങ്ങി, അലക്ഷ്യമായ നടത്തം ആരംഭിചു. വഴിയോരത്ത്‌ കാണുന്ന ഏതെങ്കിലും കടയില്‍ നിന്ന്‌ എന്തെങ്കിലും വാങ്ങാമെന്ന്‌ കരുതിയുള്ള നടത്തം. ആ നടത്തം അവനെ ഒരുപാട്‌ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. കുട്ടിക്കാലവും, പഴയ സൌഹൃതങ്ങളും എല്ലാം. മഞ്ചേരി നഗരം അവന്‍ ഒരുപാട്‌ ഓര്‍മകള്‍ അടക്കം ചെയ്ത നഗരമാണ്‌. തന്‍റ്റെ കൌമാരത്തിന്‍റ്റെ ഭൂരിഭാഗവും ചിലവഴിച്ച, തന്‍റ്റെ ഓരോ നേട്ടങ്ങള്‍ക്കും സാക്ഷിയായ, ഒടുവില്‍ രെജിസ്റ്റര്‍ വിവാഹം വരെ നടന്ന നഗരം. അന്നാണവന്‍ അവസാനമായി ഇവിടെ വന്നത്‌. 
       നഗരത്തിലെ കാഴ്ച്ചകള്‍ കണ്ട്‌ നടക്കുമ്പോള്‍ പെട്ടൊന്ന്‌ റോഡില്‍ നിന്നൊരു നിലവിളി കേട്ട്‌ അവന്‍ അങ്ങോട്ട്‌ നോക്കി.ഒരു വൃദ്ധന്‍, നീലയും വെള്ളയും കള്ളി ഷര്‍ട്ട്‌ ധരിച്ച, ഒരെഴുപത്‌ വയസ്സ്‌ തോന്നിക്കുന്ന വൃദ്ധന്‍ ആകെ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നു. പിറകില്‍ വന്ന ഒന്ന്‌ രണ്ട്‌ വാഹങ്ങള്‍ ഒഴിഞ്ഞ്‌ പോയെങ്കിലും പിന്നീട്‌ വാഹങ്ങള്‍ ആ ശരീരത്തിലൂടെയും കേറി പോവാന്‍ തുടങ്ങി. സാവധാനം ആ ശരീരത്തിന്‍റ്റെ പിടച്ചില്‍ നിന്നു. മരിച്ചെന്നുറപ്പായത്കൊണ്ടാവാം ആളുകള്‍ ഓടിക്കൂടാന്‍ മടി കാണിച്ചത്‌. നിര്‍ത്താതെ പോയ ആ വാഹനങ്ങളേയും ഓടിക്കൂടി അയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന നാട്ടുകാരെയും ശപിച്ച്‌ അയാള്‍ നടത്തം തുടര്‍ന്നു, ഒന്നും സംഭവിക്കാത്ത പോലെ.
        അവനിപ്പോഴും മനസ്സാക്ഷിയെ ബോധിപ്പിക്കാന്‍ കാരണം ഉണ്ട്‌.സമയമില്ലായ്മ, പുതിയ ഷര്‍ട്ട്‌. ഇതൊക്കെ ധാരാളം.
       അവന്‍ നഗരകാഴ്ച്ചകളൊക്കെ കണ്ട്‌ നടക്കുന്നതിനിടക്ക്‌ പെട്ടൊന്നൊരു ഉള്‍വിളികൊണ്ടെന്ന പോലെ അവന്‍ തിരിഞ്ഞ്‌ നോക്കി. ആ മൃതദേഹം അവിടെ കണ്ടില്ല. പോലീസെത്തി ഹോസ്പിറ്റലില്‍ കൊണ്ട്‌ പോയതാവും.
       ആ ഷര്‍ട്ടിനെ കുറിച്ചായി പിന്നീടവന്‍റ്റെ ചിന്ത, പണ്ട്‌ തനിക്കേറ്റവും ഇഷ്ട്ടമായിരുന്ന നിറം, ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ അച്ചനു സമ്മാനമായി വാങ്ങി കൊടുത്തതും അതെ ഷര്‍ട്ട്‌ തന്നെയായിരുന്നു. പെട്ടൊന്നവനു രക്‌തത്തില്‍ കുതിര്‍ന്ന്‌ കിടന്നിരുന്ന മുഖത്തിന്‍റ്റെ അവ്യക്തമായ രൂപം ഓര്‍മ്മ വന്നു. ഒരു കാലത്ത്‌ അവനേറ്റവും ഇഷ്ടപ്പെട്ടിരുന്ന, തന്‍റ്റെ മാതൃകാ പുരുഷനായിരുന്ന, പിന്നീട്‌  പ്രേമ വിവാഹത്തിന്‍റ്റെ പേരില്‍ തന്നില്‍ നിന്നകന്ന അഛന്‍റ്റെ മുഖച്ചായ എവിടെയോ ഉണ്ടോ??. ഇനി അത്‌ അഛന്‍ തന്നെയാണോ?? അവന്‍ വിയര്‍ക്കാന്‍ തുടങ്ങി.
       അഞ്ച്‌ വര്‍ഷം മുമ്പ്‌ താന്‍ വീട്ടില്‍ നിന്ന്‌ പോന്ന ശേഷം വീട്ടിലെ അവസ്ഥ കുറച്ച്‌ മോശമാണെന്ന്‌ പഴയ അയല്‍പക്കകാരന്‍ പറഞ്ഞ ഓര്‍മ അവന്‍റ്റെ മനസ്സിനെ വേദനിപ്പിച്ചു, കേട്ടപ്പോഴില്ലാത്ത വേദന ഇപ്പോള്‍. അവനു തന്നോട്‌ പുച്ചം തോന്നി. അവന്‍ സ്വയം ശപിച്ച്‌ കൊണ്ടിരുന്നു.
       എന്നാലും അവന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മുന്നോട്ട്‌ നടക്കാന്‍ ശ്രമിച്ചു, പക്ഷേ അവന്‍റ്റെ കാലുകള്‍ ചലനമറ്റിരുന്നു. അവന്‍ ആ നഗരത്തെ സാക്ഷിയാക്കികൊണ്ട്‌ മുഖം പൊത്തി തേങ്ങിതേങ്ങി കരഞ്ഞു, നിസ്സഹായനായികൊണ്ട്‌.

2 comments:

  1. പ്രതീക്ഷയ്ക്കുമപ്പുറം
    ഒരു നല്ല കാഥികനെ ഉള്ളില്‍ ഒളിപ്പിച്ചിട്ടാണല്ലോടാ നീ ഇത്രയും കാലം മൂങ്ങയെ പോലെ മൂളി നടന്നത്.
    നല്ല വീക്ഷണം, ആഖ്യാനരീതി.
    ഇനിയും എഴുതുക എല്ലാ ഭാവുകങ്ങളും

    ReplyDelete
  2. മൂങ്ങയെപ്പോലെ മുങ്ങി നടക്ക്വാരുന്നുവല്ലെ. നന്നായിട്ടുണ്ട് മഞ്ചേരീ.. പിന്നെ അക്ഷരത്തെറ്റ് ഇത്തിരി അധികം കടന്നു കൂടിയിട്ടുണ്ട്.. അതൊക്കെ ശരിയാക്കാന്‍ മറക്കണ്ടാട്ടൊ....

    ReplyDelete