Thursday 19 May 2011

നിമിഷനേരത്തെ മഹാന്‍ !!

          ഇത്‌ ഞാന്‍ +2 കഴിഞ്ഞ്‌ നില്‍ക്കുന്ന വെക്കേഷന്‍ സമയത്ത്‌ നടന്ന ഒരു സംഭവമാണ്‌, നല്ല മധ്യ വേനല്‍ക്ക്‌.
          ഉച്ച ഭക്ഷണംകഴിഞ്ഞിരിക്കുന്ന നേരം‌. അപ്പോളാണ്‌ ബൈക്കില്‍ എണ്ണ തീര്‍ന്ന്‌ വീട്ടില്‍ വണ്ടി കുടുങ്ങിയത്‌. മൂന്ന്‌ കിലോ മീറ്റര്‍ പോയി മഞ്ചേരിയില്‍ നിന്ന്‌ വേണം ഇനി എണ്ണ അടിച്ച്‌ വരാന്‍. .
          എന്‍റ്റെ വീട്ടില്‍ ബൈക്ക്‌ വാങ്ങിയിട്ട്‌ അധികം കാലമായിട്ടില്ലായിരുന്നു. എനിക്കാണെങ്കി ബൈക്ക്‌ ഓടിച്ച്‌ പൂതി തീര്‍ന്നിട്ടുമില്ല. അന്നെനിക്ക്‌ വല്ലപ്പോഴുമേ വണ്ടി ഓടിക്കാന്‍ കിട്ടിയിരുന്നുള്ളു. തിരിച്ച്‌ വരുമ്പോഴെങ്കിലും വണ്ടി മര്യാദക്ക്‌ ഓടിക്കാമല്ലൊ, അത്‌ തന്നെ വല്ല്യ കാര്യമാണെന്ന കണക്ക്‌ കൂട്ടലില്‍ ഞാന്‍ ആ ദൌത്യമ്യേറ്റെടുത്തു. കുറച്ച്‌ ഓടിച്ച്‌ പോവാം, ബാക്കി തള്ളേണ്ടി വരും.
          യാത്ര തുടങ്ങി അധികം കഴിയും മുമ്പ്‌ തന്നെ വണ്ടി ചക്ക്ര ശ്വാസം വലിച്ചു, അര കിലോമീറ്റര്‍ പോലും പിന്നിട്ടിട്ടില്ലായിരുന്നു. കുറച്ച്‌ ഊതിയും ചെരിച്ചും അഡ്ജസ്റ്റ്‌ ചെയ്ത്‌ വണ്ടി നീക്കി. അധികം പോവും മുമ്പ്‌ തന്നെ നില്‍ക്കുകയും ചെയ്തു. പിന്നെ തള്ളുക അല്ലാതെ ഒരു മാര്‍ഘവുമില്ലായിരുന്നു. ഒരുതരത്തില്‍ തള്ളി തുടങ്ങിയപ്പൊ തന്നെ ഞാന്‍ ഏകദേഷം ക്ഷീണിച്ച്‌ കഴിഞ്ഞിരുന്നു. ഇനിയും ഒരുപാട്‌ പോവാനുണ്ട്‌ താനും.
          ചൂട്‌ കൊണ്ടാവണം, റോഡില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു, വല്ലപ്പോഴും വരുന്ന വണ്ടിക്കാരാവട്ടെ, എനിക്കൊരു ചിരിയും സമ്മാനിച്ച്‌ അവരുടെ വഴിക്ക്‌ പോയി. അതൊരുമാതിരി ആക്കി ചിരി പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.
          അങ്ങനെ തലക്ക്‌ മുകളിലുള്ള സൂര്യനെ സാക്ഷി നിര്‍ത്തി ആ പൊരിയുന്ന വെയിലത്ത്‌ ഞാന്‍ വണ്ടി തള്ളുമ്പോള്‍, റോഡരികില്‍ നിന്നൊരു ചോദ്യം. "എന്ത്‌ പറ്റിയെടാ, എണ്ണ തീര്‍ന്നൊ".
          ഒരു 30-35 വയസ്സ്‌ പ്രായം തോന്നുന്ന യുവാവ്‌. ആ ചോദ്യവും ഒരു ആക്കി ചോദ്യമായാണ്‌ എനിക്ക്‌ തോന്നിയത്‌. "കണ്ടിട്ടെന്താ തോന്നുന്നെ" എന്ന്‌ പറയാനൊരുങ്ങിയെങ്കിലും, ഉറക്കെ പറഞ്ഞത്‌ " തീര്‍ന്നു. ഇനി പമ്പ്‌ വരേ തള്ളണം " എന്നാണ്‌.
          "ഈ ചൂടത്ത്‌ ഇങ്ങനെ തള്ളുന്ന നിന്നെയും സമ്മതിക്കണം" അയാള്‍ പറഞ്ഞു. "ഒരു കുപ്പിയോ മറ്റോ കിട്ടുമൊ, കുറച്ച്‌ എണ്ണ ഞാന്‍ തരാം". ഇത്‌ വരെ ഉള്ള അയാളുടെ വാക്കുകള്‍ എനിക്കിഷ്ടപെട്ടില്ലെങ്കിലും, ഇതെനിക്കിഷ്ടപെട്ടു.
          അധികം ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ വഴിയോരത്ത്‌ നിന്നെവിടുന്നൊ ഒരു പ്ളാസ്റ്റിക്‌ ക്ളാസ്സ്‌ ഒപ്പിച്ച്‌ കൊടുത്തു. പുള്ളി ഒരു ക്ളാസ്സ്‌ പെട്രോള്‍ ഊറ്റി തന്നു, എനിക്കത്‌ മതിയാവുമായിരുന്നു. ഞാന്‍ പറഞ്ഞു." മതിയേട്ടാ, ഇതോണ്ടെന്നെ പമ്പെത്തും". "എയ്‌, ഒന്ന്‌ കൂടി എടുത്തൊ, വഴിയില്‍ കുടുങ്ങണ്ടല്ലൊ". അയാള്‍ എന്നെ നിര്‍ബന്ധിച്ചു, അപ്പോള്‍ ഞാന്‍ വീണ്ടും വാങ്ങി.
          എന്നിട്ട്‌ ആ നല്ല മനുഷ്യന്‌ ഊഷ്മളമായ ഒരു നന്ദി ഒക്കെ കൊടുത്ത്‌ ഞാന്‍ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കി യാത്ര തുടര്‍ന്നു.
          പിന്നെ അയാളെ കുറിച്ചായി എന്‍റ്റെ ചിന്ത. ഈ കാലത്തും ഇങ്ങനത്തെ മനുഷ്യരുണ്ട്‌ ല്ലേ, എന്നിട്ടും ആരാ നമ്മുടെ നാടിനെ കുറ്റം പറയുന്നത്‌, മനുഷ്യത്വം നശിച്ച സമൂഹം, കണ്ണില്‍ ചോരയില്ലാത്ത മൃഗങ്ങള്‍ എന്നൊക്കെ വിളിച്ച്‌. എവിടേയൊ കേട്ടും വായിച്ചും മാത്രം പരിചയമുള്ള മഹാന്‍മാരുടെ കൂട്ടത്തിലേക്കുള്ള നമ്മുടെ നാടിന്‍റ്റെ ഒരു ഭാവി വാഗ്ദാനമായിരിക്കാം, ഒരു പക്ഷേ ഈ കണ്ട യുവാവൊക്കെ.
          അങ്ങനെ ഓരോന്നാലോചിച്ച്‌ എണ്ണ അടിച്ച്‌ തിരിച്ച്‌ വരുമ്പോള്‍, എനിക്ക്‌ യുവാവ്‌ എണ്ണ ഒഴിച്ച്‌ തന്ന അതേ സ്ഥലത്തെത്തിയപ്പോള്‍, ഞാന്‍ ചെറുതായൊന്ന്‌ നെട്ടി, അവിടത്തെ കാഴ്ചകള്‍ കണ്ട്‌.
          എനിക്ക്‌ എണ്ണ ഒഴിച്ച്‌ തന്ന ആ യുവാവിനെ അവിടെ കണ്ടില്ല, അപ്പോ എണ്ണ ഊറ്റിയിരുന്ന ബൈക്കില്‍ വേറൊരാള്‍, അയാള്‍ കഷ്ടപെട്ട്‌ വണ്ടി സ്റ്റാര്‍ട്ടാക്കാനുള്ള ശ്രമത്തിലാണ്‌, കണ്ടിട്ട്‌ മോഷണത്തിന്‍റ്റെ ഒരു ലക്ഷണവുമില്ലതാനും. അവിടെ എത്തിയപ്പൊ ഞാനൊന്ന്‌ ബൈക്ക്‌ വേഗം കുറച്ച്‌ അയാളോട്‌ ചോദിച്ചു. "എന്ത്‌ പറ്റിയേട്ടാ, എണ്ണ തീര്‍ന്നൊ". "എയ്‌, എണ്ണ ആവശ്യത്തിനുണ്ടാവും, ഇന്ന്‌ രാവിലെ അടിച്ചിട്ടുള്ളു, ഓണാവാന്‍ ഒരു മടി" മറുപടി വന്നു.
          ആ മറുപടിയില്‍ നിന്നൊരു കാര്യം വ്യക്ത്തമാണ്‌, വണ്ടി ഇപ്പൊ കണ്ട ആളുടേതാണ്‌. അപ്പൊ നേരത്തേ കണ്ട ആളോ?? അയാള്‍ എനിക്ക്‌ എണ്ണ ഒഴിച്ച്‌ തന്ന ശേഷം നടന്നകലുന്നത്‌ ഞാന്‍ നെരത്തെ കണ്ടിരുന്നു, ആ മഹാന്‍ വേറൊരാളുടെ വണ്ടിയില്‍ നിന്ന്‌ എണ്ണ ഊറ്റി തന്നാണ്‌ എന്നെ സഹായിച്ചത്‌. നല്ല മനുഷ്യന്‍, ചുമ്മാതല്ല മതി എന്ന് പറഞ്ഞിട്ടും എണ്ണ തന്നത്‌, ഇനി ഇതിനു പിന്നില്‍ വല്ല പക പോക്കലുമുണ്ടോ??, ആദ്യം കണ്ട യുവാവ്‌ അയാള്‍ക്ക്‌ ദേഷ്യമുള്ള ഒരാളോട്‌ പകരം വീട്ടുകയോ മറ്റോ?? ഒന്നും പറയാന്‍ പറ്റാത്ത കാലമാണ്‌.
          അങ്ങനെ എന്‍റ്റെ മനസ്സില്‍ കേറിക്കൂടിയ ആ മഹാന്‍ നിമിഷങ്ങള്‍ക്കകം അകാല ചരമമടഞ്ഞു.
          ചിന്തകളുടെ ആഴം കൂടി പോവുമ്പോള്‍ തലക്ക്‌ മീതെ കത്തി ജ്വലിച്ച്‌ നില്‍ക്കുന്ന സൂര്യനെ സാക്ഷി നിര്‍ത്തി ഞാന്‍ ബൈക്കിന്‍റ്റെ വേഗത കുറച്ച്‌ കൂട്ടി വേഗം വീടണഞ്ഞു. എല്ലാം ശാന്തം.

5 comments:

  1. ഹരിയോടു യോജിക്കുന്നു..അയാള്‍ക്ക് ആ സൂര്യനെ സാക്ഷി നിര്‍ത്തി ആ എണ്ണ തിരിച്ചു കൊടുക്കാമായിരുന്നു...

    ReplyDelete
  2. ഞാനും പിന്നീടാലോചിച്ച കാര്യമാണത്‌, തിരിച്ച്‌ കൊടുക്കാമായിരുന്നു എന്ന്, പക്ഷേ അപ്പോള്‍ അങ്ങനെ തോന്നിയില്ല.. വീട്ടിയിട്ടില്ലാത്ത കടങ്ങളുടെ കൂട്ടത്തിലെത്തിപെട്ട മറ്റൊരു കടം.

    ReplyDelete
  3. പ്രിയപ്പെട്ട മുസാഫിര്‍....നീ നിണ്റ്റെ യാത്ര തുടരുക....അനുഭവങ്ങളുടെ തീചൂളകളില്‍(കേട്ടു മടുത്ത പദമാണെന്നറിയാം ക്ഷമിക്കുക...) നിന്നും മനോഹരമായ ശില്‍പചാരുതകളെ ഈ ബ്ളോഗിലേക്കാവാഹിക്കാന്‍ കഴിയെട്ടെ എന്നാശംസിക്കുന്നു....അതിനായി പ്രാര്‍ഥിക്കുന്നു... എന്നു സ്വന്തം
    -അജ്ഞാതന്

    ReplyDelete
  4. gud work my dear.... loved it.... :)

    ReplyDelete